ആയുധപൂജയ്ക്കിടെ എകെ-47 എടുത്ത് വെടിയുതിർത്ത് ‘ലേഡി സിങ്കം’; വിവാദത്തിൽപെട്ട് ഐപിഎസ് ഉദ്യോഗസ്ഥ, വ്യാപക വിമർശനം

റായ്പുർ: വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവം ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആണ് വെടിവെപ്പ് നടന്നത്. ‘ലേഡി സിങ്കം’ എന്ന് അറിയപ്പെടുന്ന രാജ്നന്ദ്ഗാവ് എസ്പി അങ്കിത ശർമ ഐപിഎസ് ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷയും അച്ചടക്കവും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉൾപ്പെടെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജ രാജ്നന്ദ്ഗാവ് നഗരത്തിലെ പൊലീസ് ലൈൻസിൽ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. ചടങ്ങിൽ പൊലീസിൻ്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥ എകെ-47 തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തത്. കുറഞ്ഞത് 10 റൗണ്ടോളം വെടിയുതിർത്തതായി പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അങ്കിതയ്ക്ക് ശേഷം എഎസ്പി കിർത്തൻ റാത്തോറും എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്



