Uncategorized

‘പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, വഞ്ചനാ കുറ്റം ചുമത്തണം’; വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി

തിരുവന്തപുരം: മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു. കണ്ണൂരിലെ പ്രതിഷേധത്തില്‍ ഗണ്‍മാൻ എസ്ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ വീണാ ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് പരാതി നല്‍കിയത്.

വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. കള്ളമൊഴി നല്‍കാന്‍ വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചു. വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്ന് ഗണ്‍മാന്‍ അഭിലാഷ് എസ്‌ഐടിക്ക് നല്‍കിയ പുതിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുക.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസാണിത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്യു ആരോപിച്ചിരുന്നു. ഇതിലടക്കമാണ് അന്വേഷണം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button