Uncategorized

ആയിഷയും ഫാലിയയും ഒരാഗ്രഹം പറഞ്ഞു, അപ്പോ തന്നെ സാധിച്ചു കൊടുത്ത് തിരൂര്‍ പൊലീസ്

മലപ്പുറം: ‘കൊച്ചുങ്ങളെന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍, നമുക്ക് പറ്റുവാണേല്‍ അതങ്ങ് സാധിച്ചുകൊടുക്കണം’- തിരൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് ഇത് വെറും സിനിമാ സംഭാഷണമല്ല. കഴിഞ്ഞ ദിവസത്തെ അനുഭവമാണ്. ഉമ്മയോടൊപ്പം സ്റ്റേഷനിലെത്തിയ കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷത്തിലാണിവര്‍. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായാണ് ഉമ്മയൊപ്പം തിരൂര്‍ സ്വദേശികളായ ആയിഷ ഹനയും ഫാലിയ മെഹക്കും പൊലീസ് സ്റ്റേഷനിലെത്തിയത്. ടിവിയിലും മൊബൈല്‍ ഫോണിലും മാത്രം കണ്ടിരുന്ന പൊലീസ് സ്റ്റേഷന്‍ അവരില്‍ കൗതുകം നിറച്ചു. മൊത്തത്തില്‍ ഒന്ന് ചുറ്റിക്കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചുനേരം ആഗ്രഹം ഉള്ളിലൊതുക്കി.

ഉമ്മ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ വിവരങ്ങള്‍ നല്‍കുന്ന തക്കത്തില്‍ അടുത്തുണ്ടായിരുന്ന പൊലീസുകാരനോട് ഇരുവരും കാര്യം പറഞ്ഞു. കുരുന്നുകളുടെ ആഗ്രഹം ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ ചെവിയിലുമെത്തി. ഇതോടെ കുട്ടികളെ അടുത്ത് വിളിപ്പിച്ച ഇന്‍സ്‌പെക്ടര്‍ക്കും ഇരട്ടി സന്തോഷം. ഇന്‍സ്‌പെക്ടര്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ മുഴുവന്‍ ചുറ്റിക്കാണിക്കാനും പ്രവര്‍ത്തനങ്ങള്‍ പറഞ്ഞു കൊടുക്കാനും പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി.

പൊലീസുകാരായ പി ഷനോജും സൈജുവും കുട്ടികളെയും കൂട്ടി ലോക്കപ്പ് ഉള്‍പ്പെടെ സ്റ്റേഷന്‍ മുഴുവന്‍ കാണിച്ചു കൊടുത്തു. ദൈനംദിന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. എങ്കിലും കുട്ടികള്‍ക്ക് ഒരാഗ്രഹം കൂടി ബാക്കിയുണ്ടായിരുന്നു. ഒന്ന് പൊലീസ് ജീപ്പില്‍ കയറണം. വെറുതെ കയറിയിരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ജനമൈത്രി കോ ഓര്‍ഡിനേറ്ററായ എസ്‌ഐ നസീര്‍ തിരൂര്‍ക്കാട് കുട്ടികളെയും കുട്ടി ഒരു സവാരിയും നടത്തി. ഇതോടെ ആയിഷയും ഫാലിയയും ഡബിള്‍ ഹാപ്പി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button