ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിന് മുന്നിൽ വഴങ്ങി ട്രംപ്; 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള നിയമത്തിൽ ഇളവ്, റഷ്യൻ എണ്ണ വാങ്ങാം

വാഷിംഗ്ടൺ: യുഎസ് ദേശീയ താൽപ്പര്യം മുൻനിർത്തി ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിവാക്കി. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് താൻ ഒഴിവാക്കുന്നതെന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് വ്യക്തമാക്കി. ഇളവ് അനുവദിക്കുന്നത് അമേരിക്കയുടെ ദേശീയ താൽപ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കാണിച്ച് കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയുടെ ഊർജ മേഖലയെയും രാജ്യത്ത് നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യമിട്ട് കൊണ്ടുള്ള ലിൻഡ്സെ ഒ. ഗ്രഹാം നിയമം സെപ്റ്റംബർ 18നാണ് ട്രംപ് ഒപ്പുവെച്ചത്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. റഷ്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ, ഒക്ടോബർ 18നോ അതിനുശേഷമോ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഈ തീരുവകളാണ് ഇപ്പോൾ ട്രംപ് ഒഴിവാക്കിയിരിക്കുന്നത്.




