മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
എസ്ഐആർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, നടനെയും അദ്ദേഹത്തിന്റെ സുഹൃത്ത് ലേഖ വാഷിംഗ്ടൺ, അമ്മ നുസ്രത്ത്, അനന്തരവൾ സെയ്ൻ എന്നിവരെയും മറ്റ് 400 പേർക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് സെയ്ൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തനിക്കുണ്ടായ പരിക്കുകളും വീഡിയോയിൽ കാണിച്ചിരുന്നു.
പ്രതിഷേധ പരിപാടിക്കിടയിൽ, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താൻ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. താൻ ഒരു സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും, വ്യക്തിപരമായ നിലയിലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




