8 മാസത്തെ കഠിനാധ്വാനം ദിവസങ്ങൾ കൊണ്ട് പാഴായി! നദി വീണ്ടും മാലിന്യക്കൂമ്പാരം, ഹൃദയം തകർന്ന് ബിട്ടു, വീഡിയോ

എട്ടുമാസം നീണ്ട കഠിനാധ്വാനംകൊണ്ട് ടൺകണക്കിന് മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയ നദി വീണ്ടും മാലിന്യക്കൂമ്പാരമായാൽ എന്തായിരിക്കും അവസ്ഥ? മധ്യപ്രദേശിലെ അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞതോടെ പരിസ്ഥിതി പ്രവർത്തകൻ ബിട്ടു തബാഹി എന്ന സുരേന്ദ്ര സിങ് ചൗധരി പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.. നദി വൃത്തിയാക്കാൻ മാസങ്ങളോളം നടത്തിയ പരിശ്രമം പാഴായതിന്റെ നിരാശയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയുന്നത്.
വീണ്ടും മാലിന്യം നിറഞ്ഞ് നദി
മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ അജ്നാർ നദിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം പുറത്തുവിട്ടത്. ഏതാനും ആഴ്ചകൾക്കുമുമ്പ് വൃത്തിയാക്കിയ നദീതീരങ്ങളിൽ വീണ്ടും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. വെള്ളത്തിലും തീരത്തും മാലിന്യം നിറഞ്ഞ കാഴ്ച പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കി.
ഹൃദയം തകർന്നെങ്കിലും പിന്മാറാൻ ഒരുക്കമല്ല
നദി വൃത്തിയാക്കുന്നതിനായി എട്ടുമാസം ഒറ്റയ്ക്ക് പരിശ്രമിച്ച ബിട്ടു, പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ വെള്ളത്തിൽനിന്ന് ടൺകണക്കിന് മാലിന്യമാണ് നീക്കം ചെയ്തത്. എന്നാൽ ശുചീകരണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ നദി പഴയ അവസ്ഥയിലേക്ക് മടങ്ങിയതോടെ അദ്ദേഹത്തിന് കടുത്ത നിരാശ പിടിപെട്ടു. ഏങ്കിലും തന്റെ ശ്രമം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് ബിട്ടു വ്യക്തമാക്കുന്നു. നീന്തലിൽ വലിയ പരിചയമില്ലെങ്കിലും ബിട്ടു. വീണ്ടും നദിയിലിറങ്ങി ഓരോ മാലിന്യസഞ്ചിയും കൈകൊണ്ട് നീക്കം ചെയ്യാൻ തുടങ്ങി.
നിർദ്ദേശങ്ങൾ തേടി ബിട്ടു
“എന്റെ എട്ടുമാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴാകുമെന്ന് ഒരിക്കലും കരുതിയില്ല” എന്നായിരുന്നു വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. നദിയിൽനിന്ന് കൂടുതൽ കാര്യക്ഷമമായി മാലിന്യം നീക്കം ചെയ്യാൻ എന്തെല്ലാം ചെയ്യാമെന്നതിൽ സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിർദേശങ്ങളും അദ്ദേഹം തേടി. വിഡിയോ വൈറലായതോടെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. ബിട്ടുവിന്റെ പരിശ്രമത്തെ അഭിനന്ദിച്ചവർ, നിരാശപ്പെടാതെ മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിച്ചു. ശുചീകരണത്തിനിടെ ബൂട്ടുകളും അനുയോജ്യമായ വസ്ത്രങ്ങളും ധരിക്കണമെന്ന് ചിലർ നിർദേശിച്ചു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ നഗരസഭ ഇടപെടണമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു. നദി വൃത്തിയാക്കുന്നതുപോലെതന്നെ അത് വീണ്ടും മലിനമാകുന്നത് തടയുന്നതും പ്രധാനമാണെന്ന സന്ദേശമാണ് ബിട്ടു തന്റെ വീഡിയോയിലൂടെ മുന്നോട്ട് വച്ചത്. നദീ ജലം ഒഴുകി വരുന്ന വഴികളിൽ നിന്നുള്ള മാലിന്യമെല്ലാം വഹിക്കുന്നു. അതിനാൽ മാലിന്യ നിർമ്മാർജ്ജനം ഉറവിടത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന് മറ്റ് ചിലർ കുറിച്ചു. ബിട്ടുവിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെ രണ്ട് തവണകളിലായി കേന്ദ്ര സർക്കാർ അനുവദിച്ച 42,000 കോടി രൂപയുടെ നദീജല ശുചീകരണ പദ്ധതിയായ നമാമി ഗംഗാ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളുമുയർന്നു.



