ഇന്ഡിഗോയുടെ സൗദി സര്വീസുകള് 17 വരെ റദ്ദാക്കി

ന്യൂഡല്ഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ഡിഗോയും ആകാശ എയറും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന സര്വീസുകള് നിര്ത്തിവെച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സര്വീസുകള് 17 വരെ റദ്ദാക്കിയതായി ഇന്ഡിഗോ അറിയിച്ചു.ഔദ്യോഗിക വെബ്സൈറ്റിലൂടെ അപ്ഡേറ്റുകള് പങ്കിടുന്നുണ്ടെന്നും യാത്രക്കാരെ സഹായിക്കാന് സപ്പോര്ട്ട് ടീമുകള് ഏത് സമയത്തും ലഭ്യമാണെന്നും ഇന്ഡിഗോ കൂട്ടിച്ചേര്ത്തു. യാത്രമുടങ്ങിയ യാത്രക്കാര്ക്ക് ടിക്കറ്റ് ചാർജ് പൂര്ണമായും തിരികെ ലഭിക്കും. ഇത് ഏഴ് ദിവസത്തിനുള്ളില് പണമടച്ച അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. അല്ലെങ്കില് അധിക ചെലവില്ലാതെ അവരുടെ യാത്ര പുനഃക്രമീകരിക്കും.
ട്രാവല് ഏജന്സികള്വഴി ബുക്ക് ചെയ്തവര് സഹായത്തിനായി നേരിട്ട് അവരെ ബന്ധപ്പെടാനും കമ്പനി നിര്ദേശിച്ചു. സൗദിയില് യെമനിലെ ഇറാന് അനുകൂല ഹൂതി വിമതര് തുടര്ച്ചയായി നടത്തുന്ന ആക്രമണങ്ങളെത്തുടര്ന്ന് റിയാദ് വിമാനത്താവളം അടച്ചിരിക്കുകയാണ്.




