ഡൽഹിയിൽ നിന്നെത്തിച്ച മിക്‌സി കൈപ്പറ്റാനെത്തിയ യുവാക്കളെ പിടികൂടി കൊച്ചി പൊലീസ്; ഇരുവരും അറസ്റ്റിൽ; ഒളിച്ചുകടത്തിയത് 90 ഗ്രാം എംഡിഎംഎ!

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി നഗരത്തിൽ വൻ രാസ ലഹരി വേട്ട. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടയിൽ റോഡിന് സമീപത്തുനിന്ന് 90 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ട് കോട്ടയം സ്വദേശികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കോട്ടയം തൃക്കൊടിത്താനം സ്വദേശികളായ വള്ളിക്കളം വീട്ടിൽ ഷൊൺ ജോസഫ് (21), ചിറയിൽ വീട്ടിൽ എബിൻ ബാബു (21) എന്നിവരാണ് പിടിയിലായത്.
ഡൽഹിയിൽ നിന്ന് കൊറിയർ വഴിയാണ് ലഹരിമരുന്ന് എത്തിച്ചത്. ചെക്കിങ്ങിൽ പിടിക്കപ്പെടാതിരിക്കാൻ മിക്‌സിക്കുള്ളിൽ പാക്ക് ചെയ്ത നിലയിലാണ് എം.ഡി.എം.എ കടത്തിയത്. എന്നാൽ പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. തുടർന്ന് കൊറിയർ സ്ഥാപനത്തിൽ പ്രതികൾ മിക്‌സി വാങ്ങാനായെത്തി. ഇവിടെ വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊച്ചി സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നതായി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചി സിറ്റി ഡിസിപിമാരായ അരുൺ കെ പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്




