Uncategorized

ഇന്ത്യയിൽ വീണ്ടുമൊരു ‘എൽ ക്ലാസികോ’; ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ

കൊൽക്കത്ത: ലോക ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്‍റെയും ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജന്‍ഡ്സ് പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. നവംബർ 25-ന് കൊല്‍ക്കത്തയാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വേദിയാവുകയെന്ന് പശ്ചിമ ബംഗാൾ കായിക മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടമാണിത്. കഴിഞ്ഞ വർഷം മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ് ലെജൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു.

അന്ന് ഫെർണാണ്ടോ മൊറിയന്‍റെസ്, ഡേവിഡ് ബാറാൽ എന്നിവരാണ് റയലിനായി ഗോൾ നേടിയത്. മത്സരത്തിനുള്ള ഔദ്യോഗിക ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ട് ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കാർലോസ് പ്യുയോൾ തുടങ്ങിയ പ്രമുഖ താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2018 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ബാഴ്സലോണ ടീം കൊൽക്കത്തയിൽ തിരിച്ചെത്തുന്നത്. അന്ന് മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് ബാഴ്സ വിജയിച്ചിരുന്നു. ഹാവിയർ സവിയോള, റോജർ ഗാർസിയ, പെഡ്രോ ലാൻഡി, യാരി ലിറ്റ്മാനെൻ, ജോഫ്രെ മാറ്റെയു എന്നിവരാണ് അന്ന് ഗോൾ സ്കോർ ചെയ്തത്.1977-ൽ ബ്രസീലിയൻ ഇതിഹാസം പെലെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ കളത്തിലിറങ്ങിയിരുന്നു. 2008-ൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കുകളും, 2011-ൽ ലയണൽ മെസ്സിയുടെ അർജന്‍റീന ടീം വെനസ്വേലയ്ക്കെതിരെയും കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. ഈ മാസമാദ്യം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ബ്രസീൽ, ഉറുഗ്വായ് എന്നീ വമ്പന്മാർക്കെതിരെ കളിച്ച അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ശേഷമാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button