Uncategorized

സംഘര്‍ഷം കനക്കുന്നു: റിയാദിലേക്ക് വീണ്ടും ഹൂതി ആക്രമണം, തിരിച്ചടിച്ച് സൗദി

റിയാദ്/സന: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. ഇരുവിഭാഗവും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹാര്‍ഫ് സൂഫ്യാന്‍, അല്‍ഖ്വാനാവിസ് ജില്ലകളിലും കമരാന്‍ ദ്വീപിലും കഴിഞ്ഞ മൂന്ന് മണിക്കൂറിനിടയില്‍ സൗദി വ്യോമാക്രമണം നടത്തി. കാമ്രാന്‍ ദ്വീപില്‍ രണ്ട് തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയ്ക്ക് പുറമേ അല്‍ ഹാസ്വം ജില്ലയെ ലക്ഷ്യമിട്ടും സൗദി ആക്രമണം നടത്തിയിട്ടുണ്ട്. സൗദി ആക്രമണം ബാധിക്കപ്പെട്ടവരില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിഭാഗം വ്യോമാക്രമണങ്ങളും തായിസ്, സദാഹ്, അല്‍ ജോഫ് പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് സൗദി നടത്തിയ ആക്രമണത്തില്‍ 107പേര്‍ കൊല്ലപ്പെട്ടെന്നും 278 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികളുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. അതിനിടയില്‍ യെമനിലെ സായുധ സേന സൗദിയിലെ ഖാമിസ് മുസായിദ് വ്യോമത്താളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. റിയാദില്‍ തുടര്‍ച്ചയായി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ സൗദി ജബല്‍ ഹബാഷി ജില്ലയിലെ അല്‍ സാഹ്‌റ ഗേള്‍സ് സ്‌കൂളിന് നേരെ നടത്തിയ വ്യോക്രമാണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ തുടര്‍ച്ചയായി എട്ടോളം ആക്രമണങ്ങളാണ് സൗദി നടത്തിയത്.അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇറാനും രംഗത്തെത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. സൈനിക നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ സൗദിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നീട്ടി. ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെ റിയാദിനെ ലക്ഷ്യമിട്ട മിസൈലും ഖാമിസ് മുസായിദിനെയും ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകളും സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തിട്ടുണ്ട്. എന്നാല്‍ റിയാദ് വിമാനത്താവളം ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഈ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാത്ത അവസ്ഥ ഉണ്ടായതില്‍ സൗദി അന്വേഷണം ആരംഭിച്ചു. ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ സംവിധാനത്തിന് കഴിയാതെ പോയതിന്റെ കാരണമാണ് അന്വേഷിക്കുന്നത്. ഹൂതികള്‍ ആദ്യ ഘട്ടത്തില്‍ നിരന്തരമായി ഡ്രോണ്‍ ആക്രമണം നടത്തിയ ശേഷമാണ് റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ക്രൂയിസ് – ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേസ് റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. യാത്രക്കാര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശേധിക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗള്‍ഫ് എയര്‍, എത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതിനിടയില്‍ ഹൂതികള്‍ ‘വളരെ മോശമായാണ്’ പെരുമാറുന്നതെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പിന്നാലെ, അമേരിക്ക യെമനിലെ യുദ്ധത്തിന്റെ ഭാഗമായാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button