Uncategorized

അതിക്രമ ദൃശ്യങ്ങൾ പകർത്തിയ പള്ളി വികാരിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്;ദൃശ്യങ്ങൾ പങ്കുവെച്ച് ജെയ്ക് സി തോമസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി പള്ളി വികാരി. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ വികാരി ബിജു സേവ്യറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി, ജെയ്ക് സി തോമസ് എന്നിവരോടാണ് പള്ളി വികാരി ഇക്കാര്യം പറയുന്നത്. ബിജു സേവ്യറുമായി സംസാരിക്കുന്ന വീഡിയോ ജെയ്ക് സി തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ 36 വര്‍ഷമായി താന്‍ ഡല്‍ഹിയിലുണ്ടെന്നാണ് ബിജു സേവ്യര്‍ വീഡിയോയില്‍ പറയുന്നത്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജു സേവ്യർ പറഞ്ഞു. അവനെയും കയറ്റിക്കോളാന്‍ പറഞ്ഞ് തന്നെ വണ്ടിയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് മോശമായ ഭാഷാപ്രയോഗങ്ങളുണ്ടായി. ഇതിനിടെ വഴിയില്‍ തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പള്ളി വികാരി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ കുഴിതോണ്ടുകയാണ്. മോദി ഭരണത്തിന്റെ അവസാന നിമിഷങ്ങളാണിതെന്നും ബിജു സേവ്യര്‍ പറഞ്ഞു.

നേരത്തേ ജെയ്ക്കിനെതിരെ പൊലീസ് അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. സമരത്തിനിടെ ജെയ്ക്കിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ആക്രമിക്കുകയുമായിരുന്നു. സമാനകാലത്ത് കണ്ടിട്ടില്ലാത്ത പൊലീസ് നരനായാട്ടാണ് നടക്കുന്നതെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പൊലീസ് വാഹനത്തില്‍ അതിക്രൂര മര്‍ദ്ദനം നടത്തുകയായിരുന്നു. മുഖത്തടിച്ചും വസ്ത്രങ്ങള്‍ വലിച്ചുകീറിയും മര്‍ദ്ദിച്ചു. തങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ബസില്‍ നിന്നും ഇറക്കി നെറ്റ് അടിച്ച് ശബ്ദം പുറത്തേക്ക് കേള്‍ക്കില്ലെന്ന് ഉറപ്പിച്ച വാഹനത്തിലേക്ക് മാറ്റി. ഈച്ചപോലും പുറത്തുകടക്കാന്‍ ആകാത്ത വിധം സുഷിരങ്ങളില്ലാത്ത വാഹനത്തില്‍ കയറ്റി മാറി മാറിയാണ് മര്‍ദ്ദിച്ചത്. പുരുഷ, സ്ത്രീ വ്യത്യാസം ഇല്ലാതെ പൊലീസുകാര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. പെണ്‍കുട്ടികളും വസ്ത്രം വലിച്ചുകീറുന്ന സ്ഥിതിയുണ്ടായെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button