രണ്ടാം വിവാഹത്തെ എതിർത്തു; മകൾക്ക് ബിരിയാണിയിൽ വിഷം നൽകി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്

മുംബൈ: രണ്ടാം വിവാഹത്തെ എതിർത്ത വൈരാഗ്യത്തിൽ സ്വന്തം മകൾക്ക് ബിരിയാണിയിൽ വിഷം കലർത്തി നൽകിയ ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പിതാവ്. മുംബൈ വഡാലയിലാണ് സംഭവം.വഡാല ഈസ്റ്റ് സ്വദേശിയായ ഷെരീഫ് റസാ ഹുസൈൻ ഖാനാണ് 20കാരിയായ മകൾ രിഫാത്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒക്ടോബർ രണ്ടിനാണ് സംഭവം. വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് വിഷം ചേർത്ത് മക്കൾക്ക് നൽകുകയായിരുന്നു. കഴിച്ച ഉടനെ ടെറസിൽ പോയി ഉറങ്ങിയ യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബോധരഹിതയായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ആശുപത്രിയിൽ വെച്ച് യുവതി മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ആഴത്തിൽ മുറുക്കിയ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ടതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ മറ്റൊരു മകളേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.




