ജന്മനാട് കാണാതെ 18 വർഷം; റിയാദിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഖബറടക്കം ഇന്ന്

റിയാദ്: നീണ്ട 18 വർഷമായി നാട്ടിൽ പോകാതെ അൽ ഖർജിൽ കഴിഞ്ഞിരുന്ന തമിഴ്നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) നിര്യാതനായി. റിയാദിലെ ശുമേസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ചയായിരുന്നു അന്ത്യം. ഇഖാമ കാലാവധി അവസാനിച്ചിട്ട് 15 വർഷമായതും പാസ്പോർട്ട് നഷ്ടപ്പെട്ടതുമാണ് ഇദ്ദേഹത്തിന്റെ മടക്കയാത്രയ്ക്ക് തടസ്സമായിരുന്നത്. സാമൂഹിക പ്രവർത്തകർ രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാ അനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്.സെപ്റ്റംബർ അഞ്ചിനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായ വിവരം അൽ ഖർജ് കെ.എം.സി.സി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ആദ്യം കിങ് ഖാലിദ് ഹോസ്പിറ്റലിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ശുമേസി ഹോസ്പിറ്റലിലേക്കും മാറ്റി. പരിശോധനയിൽ വയറ്റിൽ അർബുദം കണ്ടെത്തിയിരുന്നു.
ചില തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്ന മൻസൂർ ഇമാമിനെ നാട്ടിലെത്തിക്കാൻ ദുബായിൽ ജോലി ചെയ്യുന്ന മകൻ മുൻപ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് കെ.എം.സി.സി പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് ദുബായിൽ നിന്ന് മകൻ റിയാദിലെത്തി പിതാവിനെ പരിചരിച്ചു വരികയായിരുന്നു. സൗദിയിലെ രേഖകളിൽ ‘മൻസൂർ ഇമാം’ എന്ന് തന്നെയായിരുന്നതിനാൽ ഔട്ട്പാസ് എളുപ്പത്തിൽ ലഭിച്ചിരുന്നു. എന്നാൽ നാട്ടിലെ രേഖകളിൽ ‘സയ്യിദ് അലി അഹമ്മദ്’ എന്നായതിനാൽ, മരണശേഷം രണ്ടും ഒരാൾ തന്നെയാണെന്ന് എംബസി വഴി തെളിയിക്കാനുള്ള നിയമനടപടികൾക്കായി കെ.എം.സി.സി പ്രവർത്തകർ ഏറെ പരിശ്രമിച്ചു.



