അഞ്ചര വയസ്സുകാരിക്ക് സ്കാനിങ് നിഷേധിച്ച സംഭവം: വീഴ്ച സമ്മതിച്ച് ഇടുക്കി മെഡിക്കൽ കോളേജ്

അഞ്ചര വയസ്സുകാരിക്ക് സ്കാനിങ് നിഷേധിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് ഇടുക്കി മെഡിക്കൽ കോളേജ്. സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വീഴ്ച സമ്മതിക്കുകയായിരുന്നു. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.
വീഴ്ച പറ്റിയെന്നും ഇനി ഉണ്ടാകില്ലെന്നും ജീവനക്കാരന് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. വീഴ്ച ഇനി ഉണ്ടാകില്ലെന്ന് എന്തുറപ്പാണെന്ന് പിതാവിൻറെ മറുചോദ്യം ഉയർത്തുന്നതും ശബ്ദരേഖയിൽ കേൾക്കാം.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം അരങ്ങേറിയത്. കുട്ടിക്ക് അലർജിയാണോ തക്കാളിപ്പനിയാണോ എന്ന് കണ്ടെത്താനായിരുന്നു സ്‌കാനിംഗ്. എന്നാൽ സ്‌കാനിംഗ് ശനിയാഴ്ചയേ നടത്താൻ കഴിയുവെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്‌കാനിംഗ് നടത്താൻ ആശുപത്രി അധികൃതർ തയ്യാറായത്.പരാതി നൽകിയതിന് ജീവനക്കാർ കയർത്തതായും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ തടിയമ്പാട് സ്വദേശി അരുൺ ചാക്കോ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയതിന് പിന്നാലെയാണ് സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വീഴ്ച സമ്മതിച്ചത്.




