യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം

കൊച്ചി: യൂട്യൂബ് ലൈവിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകളിലാണ് മുൻകൂർ ജാമ്യം. വിഡിയോയിൽ പരാതിക്കാരിയെ നേരിട്ട് ബാധിക്കുന്ന ഉള്ളടക്കമില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
ജൂൺ 10ന് യൂട്യൂബ് ചാനലിൽ നാലു മണിക്കൂറോളം നീണ്ട ഒരു ലൈവിനിടെ മഞ്ചേരി സ്വദേശിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നുമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമ വകുപ്പുകൾ എന്നിവ ചുമത്തി മഞ്ചേരി പൊലീസാണ് നിഹാദിനെതിരെ കേസെടുത്തത്.
മുൻകൂർ ജാമ്യ ഹരജി മഞ്ചേരി ജില്ല സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.




