ഗ്യാനേഷ് കുമാർ നാളെ രാജി വെയ്ക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തും; മുന്നറിയിപ്പുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സിജെപിയുടെ ആഹ്വനം. നാളെ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി വ്യക്തമാക്കി. മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ നാളെ രാജിവെയ്ക്കണമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് സിജെപി സമരത്തിന് ആഹ്വാനം നല്‍കിയത്. എക്‌സ് പോസ്റ്റിലൂടെയാണ് അഭിജിത്ത് ദീപ്‌കെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന പ്രഖ്യാപിച്ചത്.
അതേസമയം ഒക്ടോബര്‍ 10 വരെ ജന്തര്‍ മന്തറില്‍ പ്രതിഷേധങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് വിവരം. തുടർന്ന് സിജെപി പ്രതിഷേധം മുന്നില്‍ കണ്ടാണ് അനുമതി നിഷേധിക്കുന്നതെന്ന ആക്ഷേപം ഉയർന്നു. ഇടത് പാര്‍ട്ടികളുടെ പ്രതിഷേധത്തിനും അനുമതി നല്‍കിയിട്ടില്ല. വിഷയത്തില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല.
പ്രതിപക്ഷ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ഇടത് സംഘടനകളും രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.




