അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി തള്ളി

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്.കേസിന്റെ വിചാരണ നടപടികൾ ഒക്ടോബർ 15ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ വിചാരണയ്‌ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണ് ഉള്ളത്.അതേസമയം, വിചാരണ വൈകിക്കാൻ ശ്രമം നടന്നുവെന്ന് അഭിമന്യുവിൻ്റെ സഹോദരൻ്റെ അഭിഭാഷകനായ അഡ്വക്കറ്റ് കെഎസ് അരുൺകുമാർ ആരോപിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ മൂന്നു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ നേരിട്ട് എത്തിയതെന്നും അരുൺകുമാർ പറഞ്ഞു. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്.




