കല്യാണദിവസം ഭക്ഷണമെത്തിക്കാതെ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഉടമ വിഷ്ണുമോഹൻ കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്തെ കാറ്ററിംഗ് തട്ടിപ്പിനെതിരായ പരാതിയിൽ കാറ്ററിംഗ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ ആയിരുന്നു തട്ടിപ്പ്. മൂന്ന് കല്യാണങ്ങൾക്ക് ആണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.
വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ കാറ്ററിങ്ങ് സർവീസുകാർ മുങ്ങിയതായിട്ടാണ് പരാതി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസിനെതിരെയാണ് പൊലീസിൽ പരാതി കിട്ടിയത്. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലും എറണാകുളത്തും ഉള്ള മൂന്ന് കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും നടന്ന കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസ് ആയിരുന്നു. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്. കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും 3 ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.




