1 വർഷം കഴിഞ്ഞിട്ടും വീടില്ല; കൊല്ലത്ത് നിർധന കുടുംബത്തിലെ വിദ്യാർഥിനിക്ക് വീട് നൽകാമെന്ന് പറഞ്ഞു പറ്റിച്ച് കെഎസ്‍യുവും എംഎസ്എഫും

കൊല്ലത്ത് നിർധന കുടുംബത്തിലെ വിദ്യാർഥിനിക്ക് വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി. കായംകുളം എം എസ് എം കോളേജിലെ കെഎസ്‍യു – എംഎസ്എഫ് സംഘടനകളാണ് വിദ്യാർഥിനിയെയും കുടുംബത്തെയും പറ്റിച്ചത്. വാഗ്ദാനം ചെയ്ത വീട് ഇനി വേണ്ടെന്നും വിദ്യാർഥിനി വ്യക്തമാക്കി.2024ൽ കെഎസ്‍യു- എംഎസ്എഫ് സഖ്യത്തിലുള്ള യൂണിയനാണ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ വാഗ്ദാനമായാണ് ചവറ സ്വദേശിനിയായ വിദ്യാർഥിക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്. ലൈഫ് പദ്ധതിയിൽ അപേക്ഷനൽകിയ സമയത്താണ് വീട് വാഗ്ദാനം ലഭിച്ചത്. അതിനാൽ ആ അപേക്ഷ പിൻവലിക്കാൻ യൂണിയൻ ഭാരവാഹികൾ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഒൻപത് മാസത്തിനകം വീടിന്റെ താക്കോൽ കൈമാറുമെന്ന് ഇവർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വീടിന്റെ നിർമാണം പൂർത്തിയാക്കുകയോ താക്കോൽ നൽകുകയോ ചെയ്തില്ല. തുടർന്നാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.




