നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിച്ചില്ല; സമ്മാന വേദിയിൽ നിന്ന് വിട്ടുനിന്ന് വനിതാ ഏഷ്യ കപ്പ് ജേതാക്കൾ

വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയെങ്കിലും വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിക്കാതെ ഇന്ത്യന്‍ ടീം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി വാങ്ങില്ല എന്ന നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.
മൊഹ്സിന്‍ നഖ്വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്മാന് ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.ഒന്നര വര്‍ഷം മുമ്പ് പുരുഷ ഏഷ്യ കപ്പിലും ഇതേ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അന്ന് നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ സൂര്യകുമാർ യാദവും സംഘവും വിസമ്മതിച്ചിരുന്നു. ആ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല, നിലവില്‍ എസിസി ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 12.5 ഓവറില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയുടെയും (68) സ്മൃതി മന്ദാനയുടെയും (59) തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.
മറുപടി ബാറ്റിങ്ങില്‍ 4 വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ശ്രീ ചരണിയുടെയും ദീപ്തി ശര്‍മ്മയുടെയും പ്രകടനത്തില്‍ ശ്രീലങ്ക 111 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സിന്റെ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായത്.




