‘കനത്ത പരാജയങ്ങളിൽ ആർക്കും സമനില തെറ്റാം,സെമിനാർ മൂഡിൽ കണ്ടാൽമതി’;വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ മനുതോമസ്

കണ്ണൂര്‍: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ്. സിപിഐഎം ഭരണഘടനാ ലംഘനമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെന്നും കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ പ്ലീനമോ കോണ്‍ഫറന്‍സോ നടത്താന്‍ അധികാരം ഉള്ളൂവെന്നും മനു തോമസ് വ്യക്തമാക്കി.
‘ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖര്‍ പറഞ്ഞു തരുമല്ലോ. ഇതിനെ കമ്മറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാല്‍ ഏറെക്കുറെ ശരിയാകും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താന്‍ പറയുന്നില്ല. സെമിനാര്‍ നടത്തുന്നു എന്ന മൂഡില്‍ കണ്ടാല്‍ മതി. കനത്ത പരാജയങ്ങളില്‍ നിന്ന് ആര്‍ക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നത്’, മനു തോമസ് പരിഹസിച്ചു. മൂന്ന് ദിവസം കൊണ്ട് ഒരു മൂന്നു കോടി രൂപ വിപുലീകൃതമായി മാറും. അത്രതന്നെ. പിണറായി ഫാന്‍സ് ക്ലബ്ബിന്റെ ശക്തി പ്രകടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്നും മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.നാളെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമായി കോഴിക്കോട് ആണ് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള കേന്ദ്ര സംസ്ഥാന നേതാക്കളും മറ്റ് ഭാരവാഹികളും ജില്ലയില്‍ എത്തി. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രം ഫണ്ട് ശേഖരിച്ച് ലളിതമായ രീതിയിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെന്ന് സ്വാഗത സംഘം കണ്‍വീനര്‍ എം മെഹബൂബ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.



