Uncategorized

എല്‍ നിനോ പ്രതിഭാസം മത്സ്യസമ്പത്തും കവര്‍ന്നെടുക്കുമെന്ന് ഐഎസ്ആര്‍ഒ; ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: എല്‍ നിനോ പ്രതിഭാസം കടലിലെ മത്സ്യ സമ്പത്ത് കുറയ്ക്കുമെന്ന് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഓഷ്യന്‍ സാറ്റ് -3 ഉപഗ്രഹത്തില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. കടലിലെ സൂക്ഷ്മ സസ്യങ്ങളുടെ വളര്‍ച്ച ഈ പ്രതിഭാസം തടഞ്ഞു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്‍നിനോ മൂലം കാറ്റിന്റെ ദിശ മാറിയതാണ് ഇതിന് കാരണമായത്.

ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള പസഫിക് സമുദ്രഭാഗത്ത് സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസാധാരണമായ വര്‍ദ്ധനവാണ് ‘എല്‍ നിനോ’. ഇത്തരത്തിലുള്ള അധിക താപവര്‍ദ്ധനവ് അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജലപ്രവാഹങ്ങളുടെയും രീതികളില്‍ മാറ്റം വരുത്തുകയും ആഗോള കാലാവസ്ഥയെത്തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായിത്തീരുകയും ചെയ്യുന്നു. തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങള്‍, ഉഷ്ണതരംഗങ്ങള്‍, ഉയര്‍ന്ന താപനില, മഴക്കുറവ് എന്നിവയുമായി എല്‍ നിനോയ്ക്ക് ബന്ധമുണ്ട്.

2026 ജൂണില്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം സമുദ്രോപരിതലത്തിലെ ക്ലോറോഫില്‍-എയുടെ അളവില്‍ ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയത്. എല്‍ നിനോ വര്‍ഷമായതിനാല്‍ സമുദ്രോപരിതല കാറ്റിന്റെ ദിശ കിഴക്കന്‍ കാറ്റില്‍ നിന്ന് പടിഞ്ഞാറന്‍ കാറ്റിലേക്ക് മാറുന്നതിനൊപ്പമാണ് ഈ കുറവും സംഭവിച്ചത്. നിലവിലുള്ള കാറ്റുകളുടെ ശക്തി കുറയുകയും ദിശ മാറുകയും ചെയ്തതും, 2026 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ക്ലോറോഫില്‍ സാന്നിധ്യമുള്ള മേഖല പടിഞ്ഞാറോട്ട് വ്യാപിക്കുന്നതില്‍ കുറവ് വന്നതും സൂക്ഷ്മ സസ്യങ്ങളുടെ വളര്‍ച്ചയില്‍ കുറവിന് കാരണമായി. സമുദ്രത്തിലെ ഉല്‍പ്പാദനക്ഷമതയിലുണ്ടാകുന്ന കുറവ്, പ്രത്യേകിച്ച് ക്ലോറോഫിലിന്റെ അളവിലുണ്ടാകുന്ന കുറവ് – സമുദ്രജീവികള്‍ക്കുള്ള ഭക്ഷണലഭ്യതയില്‍ പരോക്ഷമായി ബാധിച്ചു. ഇത് അവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എല്‍ നിനോ പ്രതിഭാസവേളയില്‍ ഭൂമധ്യരേഖാപ്രദേശത്തെ ട്രേഡ് വിന്റ് (trade winds) ശക്തി കുറയുകയും സമുദ്രോപരിതല താപനിലയില്‍ വലിയ വ്യതിയാനം ഉണ്ടാകുകയും ചെയ്യും. ഫൈറ്റോപ്ലാങ്ക്ടണുകള്‍ക്ക് (സൂക്ഷ്മ സസ്യങ്ങള്‍) ആവശ്യമായ പോഷകസമൃദ്ധവും തണുത്തതുമായ ജലം ആഴങ്ങളില്‍ നിന്ന് ഉപരിതലത്തിലേക്ക് ഉയര്‍ന്നു വരുന്നത് ഇത് മൂലം തടസ്സപ്പെടുന്നു. പോഷകാംശം കുറഞ്ഞ ജലം സൂര്യപ്രകാശം ലഭിക്കുന്ന സമുദ്രോപരിതലത്തില്‍ എത്തുമ്പോള്‍, ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്‍ച്ച മന്ദഗതിയിലാവുകയോ അവയുടെ സാന്നിധ്യം ചെറിയൊരു പ്രദേശത്തേക്ക് മാത്രമായി ഒതുങ്ങുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി ഉപരിതലത്തിലെ ക്ലോറോഫില്‍-എ (chlorophyll-a) യുടെ അളവ് കുറയുകയും, അതുവഴി സമുദ്രത്തിലെ ഉല്‍പ്പാദനക്ഷമതയില്‍ കുറവുണ്ടാകുകയും ചെയ്യുന്നുവെന്ന് എന്‍ആര്‍എസ്‌സി വിദഗ്ധര്‍ വ്യക്തമാക്കി.

ഈ വര്‍ഷം സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ അതിശക്തമായ എല്‍ നിനോ രൂപപ്പെടുമെന്നും അത് 2027 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുമെന്നും ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പസഫിക് സമുദ്രത്തിലെ ക്ലോറോഫില്‍ കുറഞ്ഞ മേഖല വരും മാസങ്ങളില്‍ കൂടുതല്‍ പ്രകടമായേക്കാമെന്നും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കി.

അതേസമയം മത്സ്യ സമ്പത്തിലുണ്ടാതകുന്ന കുറവില്‍ തീരദേശ മേഖല വലിയ ആശങ്കയിലാണ്. മത്സ്യത്തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍. കേരളം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ക്ക് ഇതുവരെ വേതനം ലഭിച്ചിട്ടില്ല. ധനസഹായം എത്രയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കണം എന്നും ഇവര്‍ പറയുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തെ അവഗണിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും പഞ്ഞമാസ ആനുകൂല്യം നല്‍കാതിരുന്നത് അതിന്റെ തെളിവാണെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആനുകൂല്യങ്ങള്‍ ബാങ്കിലെത്തി തുടങ്ങിയതെന്ന് പറഞ്ഞ മത്സയ് തൊഴിലരാളികള്‍ കാലാവസ്ഥ വ്യതിയാനത്തില്‍ എത്ര രൂപ തരുമെന്ന് ഇതുവരെ പറയുന്നില്ലെന്നും വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button