കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; പ്രതി പ്രീനയ്ക്ക് ജാമ്യം

വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ സൊസൈറ്റി സെക്രട്ടറി പ്രീനക്ക് ജാമ്യം ലഭിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബാക്കിയുള്ള 6 കേസുകളിൽ കൂടി ജാമ്യം അനുവദിച്ചതോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രീനക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.പ്രീനക്കെതിരെ രജിസ്റ്റർ ചെയ്ത 10 കേസുകളിൽ 4 എണ്ണത്തിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. സൊസൈറ്റിയിൽ സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് നിക്ഷേപകനായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി, സംഘം മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാറിന്റെ വീട്ടിലെത്തി തീക്കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നതും കൂടുതൽ പരാതികൾ ഉയർന്നതും. തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ മുൻ പ്രസിഡന്റ് സുധീർ കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രസിഡന്റ് ബഷീർ അഹമ്മദ് ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുള്ളതിനാൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യപ്രതി റിനീഷ് നിലവിൽ റിമാൻഡിലാണ്.




