Uncategorized

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധന കർശനമാക്കി; തുടർ പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പരിശോധനകള്‍ക്കിടെ നടന്ന ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി. തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തുന്ന അമിത വിലയില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 35 ഇടങ്ങളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ 25 കേസെടുത്തിട്ടുണ്ട്. ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊല്ലം ആര്‍പി മാള്‍ തിയറ്ററില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. തുടര്‍ പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനകള്‍ക്കിടെ ഗുരുതരമായ കണ്ടെത്തലിനെ തുടർന്ന് കൊല്ലം ആര്‍പിമാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചത്. പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്. തിയേറ്ററിന്റെ കഫറ്റീരിയയില്‍ നിന്നും കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ നിന്ന് ഐസ്ക്രീമുകളും പിടികൂടിയിരുന്നു.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംയുക്ത സംഘമായാണ് തിയേറ്ററുകളില്‍ പരിശോധന നടത്തിയത്. കൊല്ലത്ത് കൊട്ടിയത്തെ അടക്കമുള്ള തിയേറ്ററുകളില്‍ പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് കോട്ടയം നഗരത്തിലും സംയുക്തമായ പരിശോധനകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രദേശങ്ങളിലെ തിയേറ്ററുകളില്‍ പരിശോധന നടന്നിരുന്നു. ലുലു മാള്‍ അടക്കമുള്ളയിടത്തെ തിയേറ്ററുകള്‍ പരിശോധിച്ചിരുന്നു.

കുടിവെള്ളത്തിന് ഉള്‍പ്പെടെ അമിതമായി പണം ഈടാക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ മാത്രമാണ് ലീഗൽ മെട്രോളജി വകുപ്പ് ഇടപെടുക. എംആര്‍പിയെക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുകയോ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റില്‍ വ്യത്യാസം ഉണ്ടാവുകയോ ചെയ്താല്‍ മാത്രമേ ലീഗൽ മെട്രോളജിക്ക് നടപടിയെടുക്കാനാകൂ. കടകളില്‍ വില വിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button