റേഷൻ കടയിൽ അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ പുഴുക്കളെ കണ്ടു; വിവരമറിയിച്ച് ചുമട്ടുതൊഴിലാളികൾ, അരിച്ചാക്കുകൾ തിരികെ അയച്ചു

മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ റേഷൻ കടയിലേക്ക് എത്തിയ അരിയിൽ പുഴുക്കളെ കണ്ടെത്തി. മൂവാറ്റുപുഴയിലെ റേഷൻ കടയിലേക്ക് എത്തിച്ച അരി ലോഡിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. വാഴക്കുളത്തെ എആർഡി 251 നമ്പർ റേഷൻ കടയിൽ അരി ഇറക്കുന്നതിനിടെയാണ് ചാക്കുകളിൽ പുഴുക്കളുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. സിഐടിയു ചുമട്ടുതൊഴിലാളികളാണ് ചാക്കുകളിൽ നിന്ന് പുഴു നുരയ്ക്കുന്നത് കണ്ട് വിവരം അധികൃതരെ അറിയിച്ചത്.
തുടർന്ന് റേഷൻ കടയിൽ ഇറക്കിയ ചാക്കുകൾ തുറന്ന് പരിശോധിച്ചപ്പോൾ അരിയിലും പുഴുക്കളെ കണ്ടെത്തി. ഇതോടെ ഇറക്കിവച്ച അരിച്ചാക്കുകൾ ഉൾപ്പെടെ തിരികെ വാഹനത്തിൽ കയറ്റി അയക്കുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ ശൃംഖല വഴി വിതരണം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ഇടതു പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവത്തിലെ വീഴ്ച സംബന്ധിച്ച് റേഷൻ വിതരണ ചുമതലയുള്ള ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി വിശദീകരണം നൽകണമെന്ന ആവശ്യം ശക്തമാണ്.




