Uncategorized

ഒറീസയിൽ പൊതിക്ക് 30 രൂപ, കേരളത്തിലേക്ക് കഞ്ചാവുമായെത്തിയത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി, കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന പ്രതി. തിങ്കളാഴ്ച വൈകിട്ട് കോവളം പോറോഡിനു സമീപം കഞ്ചാവു കടത്തിയതിനു പിടിയിലായ നാലംഗ സംഘാത്തിലെ ഒരു പ്രതി ‌സ്ഫോടക വസ്തു കൈവശം വച്ച കേസിൽ 23 വർഷമായി ഒളിവിലായിരുന്നയാളാണ്. ബീമാപള്ളി സ്വദേശി നൗഷാദ് (40)നെതിരെയാണ് 2003ൽ സ്ഫോടക വസ്‌തു കൈവശം വച്ചതിനു കോവളം സ്‌റ്റേഷനിൽ കേസ് ഉള്ളത് എന്നു സിഐ വിഎം ശ്രീകുമാർ പറഞ്ഞു. ഈ കേസിൽ പ്രതിയായ ഇയാളുടെ ബന്ധു ഷംനാദ് ഇപ്പോഴും ഒളിവിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പൊലീസിനെ എൽപ്പിച്ച നാലംഗ സംഘത്തെ തുടർ അന്വേഷണത്തിനായി കോവളം പൊലീസിനു കൈമാറിയപ്പോഴാണ് പഴയ കേസ് തെളിഞ്ഞത്.
നൗഷാദിനെ കൂടാതെ ബീമാപള്ളി പുതുവൽ പുരയിടം നിവാസികളായ സെയ്‌ദലി(33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33) തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക് (51) എന്നിവരാണ് കഴക്കൂട്ടം-കാരോട് ബൈപാസിലെ കോവളം പോറോട് പാലത്തിനു സമീപം 3.6 കിലോഗ്രാം കഞ്ചാവുമായി അറസ്‌റ്റിലായത്. നൗഷാദ് നേരത്തെ കഞ്ചാവു കേസിൽ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഒഡീഷയിലെ മുനിഗുഡയിൽ നിന്നാണ് കഞ്ചാവുവാങ്ങിയത്. ഒഡീഷയിൽ ചെറിയ കഞ്ചാവു പൊതിയ്ക്ക് 30 രൂപ ആണ് വില എന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവ വാങ്ങി ഇവിടെ വൻ തുകയ്ക്ക് ചില്ലറ വിൽപനയ്ക്ക് എത്തിച്ചപ്പോഴാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button