സൗദി അറേബ്യയിലെ നാല് ജനവസ മേഖലകളിൽ ഹൂതി ആക്രമണം; 73 പേർക്ക് പരിക്ക്, കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സേന

റിയാദ്: സൗദിയിൽ ഇറാൻ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാർക്ക് പരിക്കേറ്റു. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സൗദിയിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂത്തികൾ മുഴക്കി. ഹൂതി നിയന്ത്രണത്തിലുള്ള സനാ പിടിച്ചെടുക്കാൻ സംയുക്ത സേനാ പിന്തുണയോടെ യെമൻ സേന നീക്കം ശക്തമാക്കിയതോടെ സംഘർഷം കനക്കുകയാണ്.സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് സൗദിയിലേക്ക് ഹൂതികൾ നടത്തിയത്. ചെങ്കടലിൽ കപ്പലുകളെയും ഹൂതികൾ ആക്രമിച്ചെന്ന് സൗദി ആരോപിച്ചു. അതേസമയം, അമേരിക്കയ്ക്ക് എതിരെ ഇറാനും നീക്കം ശക്തമാക്കി. അമേരിക്കൻ പടക്കപ്പലുകളെ നേരിടാൻ ഇറാൻ സജ്ജമെന്ന് ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇതിനായി പുതിയ മിസൈൽ വികസിപ്പിച്ചുവെന്നാണ് അവകാശവാദം. ഹോർമൂസിനും പുറത്തും ഇറാൻ പുതിയ നിയന്ത്രണ മേഖല തുറന്നത് സംഘർഷങ്ങൾ വ്യാപിപ്പിക്കുമെന്ന ആശങ്കയും ശക്തമായി. പുതിയ പാത ഉടൻ പ്രഖ്യാപിക്കുമെന്നും ഇതിന് വഴങ്ങാത്ത കപ്പലുകളെ വിലക്കുമെന്നുമാണ് ഇറാന്റെ പ്രഖ്യാപനം.




