Uncategorized

മാതൃ-ശിശു വാർഡ് പൂട്ടിത്തന്നെ; ഇരിട്ടിയിൽ കാത്തിരിപ്പ് നീളുന്നു

ഇരിട്ടി: 2017ലും 2021ലും ഒരേ മന്ത്രി രണ്ടുതവണ ഉദ്‌ഘാടനം ചെയ്തിട്ടും അടഞ്ഞു കിടക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രി മാതൃ ശിശു വാർഡിന് പുതിയസർക്കാരും പുതിയ മന്ത്രിയും വന്നിട്ടും ശാപമോക്ഷമായില്ല. മാതൃ- ശിശു വാർഡിനായി നബാർഡ് ഫണ്ടിൽ 2017 ൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഉദ്‌ഘാടനം ചെയ്തത്. അന്ന് കെട്ടിടം ഉദ്‌ഘാടനം ചെയ്യപ്പെട്ടതല്ലാതെ മാതൃ ശിശു വാർഡ് പ്രവർത്തനം തുടങ്ങിയില്ല. എന്നാൽ ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിൽ കേന്ദ്ര പദ്ധതിയായ ദേശീയ ആരോഗ്യദൗത്യം ലക്ഷ്യ പദ്ധതിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും മൂന്നു കോടിയിലേറെ ചിലവഴിച്ച് പുതിയ മാതൃശിസ്‌ക് വാർഡിന്റെ പണിയും പൂർത്തിയാക്കി . 2021 ഫിബ്രവരിയിൽ ഇതേ മന്ത്രി തന്നെ ഈ മാതൃ ശിശു വാർഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചെങ്കിലും അതും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 5 വര്ഷം പിന്നിടുന്നു.
പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ ആരോഗ്യ വകുപ്പ് മാത്രിയായ വീണാജോർജ്ജ് രണ്ടുവർഷം മുൻപ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി തിരിച്ചു പോകുമ്പോൾ മാതൃ – ശിശു വാർഡ് എല്ലാ സൗകര്യങ്ങളോടും കൂടി ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്നു ഉറപ്പുനൽകുകയും ചെയ്തിരുന്നു . മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷവെച്ച് ആസ്പത്രി അധികൃതർ നൽകിയ വലിയ അപേക്ഷയും ഡി എം ഒ ഓഫീസിൽ പൊടിപിടിച്ച് കിടന്നതല്ലാതെ മറ്റൊന്നും നടന്നില്ല.
പ്രസവ ശസ്ത്രക്രീയ വിഭാഗം പ്രവർത്തിപ്പിക്കാൻ കഴിയാതിരിക്കുന്നത് അനസ്‌തെറ്റിസ്റ്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്. ആസ്പത്രിയിൽ അനസ്‌തെറ്റിസ്റ്റ് തസ്തിക ഉടൻ അനുവദിക്കാനും നിലവിൽ താല്ക്കാലിക നിയമനം നടത്താൻ ജില്ലാ തലത്തിൽ ക്രമീകരണം ഉണ്ടാക്കാൻ പറ്റുമോയെന്ന് പരിശോധിക്കാൻ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ഹെൽത്ത് ഡയരക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും അന്ന് നിർദ്ദേശവും നല്കി. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ആസ്പത്രി നൽകിയ അപേക്ഷയിൽ രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആറളം ആദിവാസി പുരധിവാസ മേഖലയിലെ താലൂക്ക് ആസ്പത്രി എന്ന പരിഗണനയിൽ വലിയ കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളുമെല്ലാം നോക്കുത്തിയായി നില്ക്കുകയാണ്. ഇവിടെയുള്ള വിലപിടിപ്പുള്ള വിവിധ ഉപകരണങ്ങളും നശിച്ചു കഴിഞ്ഞു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും മാതൃ-ശിശു വാർഡ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഗൈനക്കോളജി തസ്തിക ഉടൻ അനുവദിക്കുമെന്നും മന്ത്രിതല അവലോകന യോഗത്തിൽ തീരുമാനമാനിച്ചിരുന്നു. എന്നാൽ തുടർ നടപടികൾഒന്നും മുന്നോട്ട് പോയില്ല. ആരോഗ്യമന്ത്രി കെ. മുരളീധരനും സ്ഥലം എം എൽ എ കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫും പങ്കെടുത്ത തിരുവനന്തപുരത്തെ അവലോകന യോഗത്തിലാണ് ഇരിട്ടി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായത്. കഴിഞ്ഞ എട്ടുവർഷമായി അവഗണിക്കപ്പെട്ട ആശുപത്രിക്ക് മന്ത്രിതല ചർച്ച വലിയ പ്രതീക്ഷ നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായി. എന്നാൽ യോഗത്തിനുശേഷം തുടർനടപടികൾ മന്ദഗതിയിലായതോടെ എല്ലാ പ്രതീക്ഷയും അവസാനിച്ചെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആദിവാസി പുനരധിവാസ മേഖലയിലെ പ്രധാന ചികിത്സാകേന്ദ്രമെന്ന പരിഗണന പോലും ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ഇന്ന് ലഭിക്കുന്നില്ല. ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ തസ്തികകളുണ്ടെങ്കിലും ഇരുവരും അവധിയിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രസവ ചികിത്സാ വിഭാഗം ആരംഭിക്കുന്നതോടൊപ്പം രണ്ട് ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ വിഭാഗവും ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
മാതൃ-ശിശു വാർഡിലേക്ക് ഇപ്പോൾ ആരും എത്തിനോക്കാത്ത സ്ഥിതിയാണ്. ആശുപത്രിയുടെ ഒ പി വിഭാഗത്തിന്റെ ഒന്നാം നിലയിലാണ് വാർഡിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. തറയാകെ പൊടിപിടിച്ചുകിടക്കുന്നു. പ്രതിദിനം 200 മുതൽ 500 വരെ രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയുടെ പൊതുവായ അവസ്ഥയും ദയനീയമാണ്. കോടികൾ ചെലവഴിച്ച് കെട്ടിടം നിർമിച്ച് പൂട്ടിയിടാനായിരുന്നോ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.

കാരുണ്യ ഫാർമസിയും തുടങ്ങിയില്ല
ആശുപത്രിയിൽ കാരുണ്യ ഫാർമസി അനുവദിക്കുമെന്ന മുൻസർക്കാരിന്റെ പ്രഖ്യാപനവും യാഥാർഥ്യമായില്ല. 300 ചതുരശ്ര അടി വിസ്തീർണമുള്ള മുറി ഒരുക്കിയാൽ കാരുണ്യ ഫാർമസി അനുവദിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇതും നടപ്പാകാത്ത പ്രഖ്യാപനങ്ങളുടെ കൂട്ടത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ആശുപത്രിയിൽ രക്തബാങ്കും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇനിയും പൂർണതയിലെത്തിയിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ നടപ്പാക്കേണ്ട 64 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും കരാർ കാലാവധി കഴിയാറായിട്ടും പാതിവഴിയിൽ ഇഴഞ്ഞുനീങ്ങുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button