അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ആകെയുള്ള 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ് . പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ തടസമാകുന്നത്.
നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച രോഗികളുടെ മൃതദേഹം സൂക്ഷിക്കാൻ സ്വകാര്യ മോർച്ചറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളജിൽ മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതാണ് പ്രശ്ം. 16 ഫ്രീസറുകളിൽ 15 ലും ഇതാണ് അവസ്ഥ.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എത്തിക്കുന്ന അജ്ഞാതരായ രോഗികൾ അശുപത്രിയിൽ വെച്ച് മരിച്ചാൽ അതത് പൊലീസ് സ്റ്റേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം.
ഇത്തരത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.ക്ലിയറൻസ് കിട്ടിയതിനുശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് ആശുപത്രി സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൻ്റെ സഹായം തേടുകയാണ് രീതി. പിന്നീട് പഞ്ചായത്ത് ചെലവിൽ സംസ്കരിക്കുകയാണ് ചെയ്യുക. ഓണാവധിക്ക് ശേഷം പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് പൊലീസ് വിശദീകരണം.
പ്രശ്നം ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.




