‘പി വി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ഉണ്ട്, ഇനിയും ക്ലൂ വേണോ?’ജ്യോതികുമാര്‍ ചാമക്കാലയോട് അരുണ്‍ കുമാര്‍

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ‘പി വി’ എന്ന ചുരുക്കപ്പേരുള്ള വ്യക്തി ഇതിനകം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ഉണ്ടെന്ന് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഭയന്നാണ് ബിജെപിയിലേക്ക് പോയതെന്നും ഇനിയും ക്ലൂ വേണമെങ്കില്‍ ഈ പി വിയെന്നത് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ അംഗമാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് മറുപടി നല്‍കുകയായിരുന്നു അരുണ്‍ കുമാര്‍.
‘നിങ്ങള്‍ പറഞ്ഞ പി വി എത്തേണ്ടയിടത്ത് എത്തിയിട്ടുണ്ട്. പി വി കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡഡയറക്ടറേറ്റിനെ ഭയന്ന് അങ്ങെത്തി ബിജെപിയില്‍ ഉണ്ട്. അതിനാലാണ് ആ പി വി ഞാനല്ലെന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് കൃത്യമായി പറഞ്ഞത്. ഇനിയും അത് ആവര്‍ത്തിക്കും.ഇനിയും ക്ലൂ വേണമെങ്കില്‍ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ അംഗമാണ് ഈ പി വി. കണ്ടെത്തട്ടെ’, എന്നായിരുന്നു അരുണ്‍ കുമാറിന്റെ മറുപടി.
ഇതൊരു കടന്ന ആരോപണമല്ലേയെന്ന ചർച്ച നിയന്ത്രിച്ച മാതു സജിയുടെ ചോദ്യത്തോട് ‘ഒരിക്കലും ഇല്ല. എല്ലാ ആരോപണങ്ങളും ഉന്നയിച്ചിട്ട് അത് ഇടതുപക്ഷം തെളിയിക്കട്ടെയെന്നാണല്ലോ പറയുന്നത്. ഇത് പൊതുസമൂഹത്തിന് മുന്നിലേക്ക് പോകട്ടെ. പിണറായി വിജയനെ ഒരിക്കലും പി വിയെന്ന് വിളിച്ചുകേട്ടിട്ടില്ലല്ലോ. അത് ആരാണെന്ന് അറിയേണ്ടവര്‍ക്ക് അറിയാം’ എന്നുമായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ പേര് സംബന്ധിച്ച ചുരുക്കപ്പേര് കണ്ടപ്പോള്‍ ‘ഞങ്ങള്‍ തന്നെയാണ്’ എന്ന് കൃത്യമായി പറയുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പി വി എന്ന ചുരുക്കപ്പേര് തന്റേതല്ലെന്ന് പിണറായി വിജയന്‍ പറയുമോയെന്നുമായിരുന്നു ജ്യോതി കുമാര്‍ ചാമക്കാല ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കേസെടുക്കാമായിരുന്നില്ലേയെന്നും ജ്യോതികുമാര്‍ ചാമക്കാല ചോദിക്കുകയുണ്ടായി. പിന്നാലെ തങ്ങള്‍ പണം വാങ്ങിയെന്ന് രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കില്‍ പരാമര്‍ശിക്കുന്നുണ്ടോയെന്നും തെരഞ്ഞെടുപ്പ് എക്‌സ്പന്റിച്ചറില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടോയെന്നും അരുണ്‍ കുമാര്‍ ചോദ്യം ഉന്നയിച്ചു.




