Uncategorized

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു

ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിം​ഗമനേനി രമേശിന്റെ മകൻ ലിം​ഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഓ​ഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ ആഡംബര കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ യുവതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ജനസേന പാർട്ടിയുടെ രാജ്യസഭാം​ഗവും വ്യവസായിയുമായ ലിം​ഗമനേനി രമേശിന്റെ മകൻ സഞ്ജുഷ് ആണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിതവേ​ഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button