മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്; വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽ നിന്ന്

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്ത് നന്ദുലാലിൻ്റെ അപ്പാർട്ട്മെൻ്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.
നിഖിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവിൽ ബിസിനസ് ചെയ്തുവരികയാണ്. സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ് നിഖിൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ ഡയറിയിൽ നിന്നുമാണ് നിഖിലിന്റെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നൽകിയ മൊഴി.ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നത്. നിഖിലിന്റെ ഫറോഖ് കരുവൻ തുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി.




