ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള പാർസൽ സർവീസിന് അടുത്തുവച്ചാണ് സംഭവംപൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അനിറുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്എ അജീബ്, സിവിൽ എക്സൈസ് ഓഫീസർ ദീപു ജി എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെഎൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.




