Uncategorized

പാഠം പഠിക്കില്ലേ? മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം; ജില്ലാ കളക്ടറുടെ നീക്കം കടുത്ത പ്രതിഷേധം മറികടന്ന്

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, എറണാകുളം മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം. മണീട് പഞ്ചായത്ത് പാസാക്കിയ പ്രമേയവും, നാട്ടുകാരുടെ കടുത്ത പ്രതിഷേധവും മറികടന്നാണ് അനുമതി നല്‍കാനുള്ള ജില്ലാ കളക്ടറുടെ നീക്കം. ജില്ലാ ഭരണകൂടത്തിന്റേത് അസാധാരണ ധൃതിയെന്നാണ് ആക്ഷേപം. മണീട് പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം. 2010ല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ക്വാറി അടച്ചുപൂട്ടിയിരുന്നു.

ധൃതിപിടിച്ചാണ് അനുമതി നല്‍കിയതെന്ന് മണീട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാറമടകളെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ വരുന്ന സമയത്താണ് നടപടിയെന്നാണ് ആരോപണം. പഞ്ചായത്ത് ലൈസന്‍സ് കൊടുക്കാത്ത സാഹചര്യത്തില്‍ കളക്ടര്‍ ലൈസന്‍സ് അനുവദിച്ചു എന്നാണ് അറിയുന്നത്. സെക്രട്ടറി അടക്കം നേരിട്ട് ചെന്ന് പറഞ്ഞിട്ടും കളക്ടറുടെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. താനാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത് വരുന്ന പ്രശ്‌നങ്ങള്‍ താന്‍ പരിഹരിച്ചോളാമെന്നാണ് കളക്ടര്‍ പറഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുക, സ്‌കൂളും പള്ളിയും സംരക്ഷിക്ക എന്നതെല്ലാമാണ് പഞ്ചായത്തിന്റെ ആവശ്യം.

ക്വാറിക്ക് അനുകൂലമായ നീക്കത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. പരാതി കൊടുത്ത് നിര്‍ത്തി വച്ച ക്വാറിയാണിതെന്നും പരിസരത്തെ കുടുംബങ്ങളെ ക്വാറിയുടെ പ്രവര്‍ത്തനം ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. വിഷയത്തില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കളക്ടര്‍ ജി പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button