നെയ്യ് മുതൽ തേൻ വരെ ‘100% ശുദ്ധം’ എന്ന് പറഞ്ഞ് വില്ക്കരുത്: ഡാബർ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ദില്ലി: ‘100% ശുദ്ധം’, ‘100% പ്രകൃതിദത്തം’ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ ഡാബർ ഇന്ത്യയ്ക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനെഗർ, നാളികേര പാൽ, വെളിച്ചെണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾ ‘100%’ ശുദ്ധം എന്ന അവകാശവാദത്തോടെ വിപണിയിലെത്തിക്കുന്നത് നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷാ റഗുലേറ്റർ ഉത്തരവിട്ടു. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതും കൃത്യതയില്ലാത്തതുമായ ഇത്തരം വാഗ്ദാനങ്ങൾ ഉപഭോക്താക്കളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് എഫ്.എസ്.എസ്.എ.ഐയുടെ നടപടി.ഏതെല്ലാം ഉൽപ്പന്നങ്ങൾ, എന്തൊക്കെ ലംഘനങ്ങൾ?
ഡാബറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും വിൽക്കുന്ന പല ഉൽപ്പന്നങ്ങളിലും താഴെ പറയുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉപയോഗിച്ചതായി എഫ്.എസ്.എസ്.എ.ഐ കണ്ടെത്തി. 100% പ്രകൃതിദത്തം, 100% ശുദ്ധം, 100% ഓർഗാനിക്. 100% പ്യൂരിറ്റി ഗ്യാരന്റീഡ്, 100% ഇളനീർ വെള്ളം, ഇത്തരം പ്രചാരണങ്ങൾ 2018-ലെ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര (പരസ്യങ്ങളും അവകാശവാദങ്ങളും) ചട്ടങ്ങൾക്ക് വിരുദ്ധമാണ്.




