കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ നീക്കം; വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരനെ സൈബർ സെല്ലിലേക്ക് സ്ഥലം മാറ്റി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ നീക്കം. നിർണായക ഘട്ടത്തിൽ അന്വേഷണം എത്തി നിൽക്കെ, സംഘത്തലവനായ വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരനെ കോഴിക്കോട് സിറ്റി സൈബർ സെല്ലിലേക്ക് സ്ഥലം മാറ്റി.
സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിൽ ഡിസിസി സെക്രട്ടറി ടിവി സുധീർ കുമാർ ഉൾപ്പെടെ കേസിലെ പ്രധാന പ്രതികളായ സൊസൈറ്റി സെക്രട്ടറി പ്രീന, ഡയറക്ടറായിരുന്ന റിനീഷ് എന്നിവർ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്. ഈ കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
കോഴിക്കോട് വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്നത് കോടികളുടെ തട്ടിപ്പായിരുന്നു. ഇത് വലിയ രാഷ്ട്രീയ – സാമൂഹിക ചർച്ചകൾക്കായിരുന്നു വഴിവെച്ചിരുന്നത്. സൊസൈറ്റിയിൽ സാധാരണക്കാരായ നിക്ഷേപകർ നിക്ഷേപിച്ച പണം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വകമാറ്റി ചെലവഴിക്കുകയും, വ്യാജ വായ്പകൾ സൃഷ്ടിച്ച് സാമ്പത്തിക ക്രമക്കേട് നടത്തുകയുമായിരുന്നു എന്നതാണ് കേസ്.




