ആറളം ഫാമിൽ കാട്ടാനക്കലി തുടരുന്നു മൂന്നാം ദിവസവും വീടിന് നേരെ അക്രമം

ഇരിട്ടി: കാട്ടാനകളിൽയിൽ ഉറക്കമില്ലാത്ത ജനതയായി ആറളം പുനരധിവാസ മേഖലയിലെ ജനങ്ങൾ മാറി. കഴിഞ്ഞ 11വർഷത്തിനിടെ 15പേർ ആനക്കലിയിൽ പിടഞ്ഞു മരിച്ച ഫാമിൽ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മൂന്നാം ദിവസവും ഫാം പുനരധിവാസ മേഖലയിലെ വീടിനു നേരെ കാട്ടാനയുടെ അക്രമം നടന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ബ്ലോക്ക് 13-ൽ താമസിക്കുന്ന ഗോപാലന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വീടിനോട് ചേർന്ന് ഭക്ഷണം പാകം ചെയ്യുന്നതിനായി നിർമിച്ചിരുന്ന ഷെഡ് പൂർണമായും കാട്ടാന തകർത്തു. ആക്രമണം നടക്കുമ്പോൾ വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഭീതിയോടെ വീട്ടിനുള്ളിൽ കഴിഞ്ഞ ഇവർ ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പുരയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ വീടാണിത്. ആനകളുടെ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫാമിലും പുനരധിവാസ മേഖലയിലും പകലും രാത്രിയും വ്യത്യാസമില്ലാതെ കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഓപ്പറേഷൻ ഗജമുക്തി പോലുള്ള ആനതുരത്തൽ ദൗത്യങ്ങളും മറ്റും തുടരുന്നുണ്ടെങ്കിലും വനത്തിലേക്ക് കടത്തിവിടുന്ന വീണ്ടും ഫാമിലേക്കു തന്നെ തിരിച്ചു വരുന്ന അവസ്ഥയാണ്. നിലവിൽ 25 മുതൽ 30 വരെ കാട്ടാനകൾ ഫാമിലെ ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. ആന പ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി ശാശ്വത പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം




