Uncategorized

പ്രളയക്കെടുതിയില്‍ മുങ്ങി അസമും ഗുജറാത്തും; മരണം 47 ആയി

മഴ കനത്തതോടെ അസമിലും ഗുജറാത്തിലും പ്രളയ സാഹചര്യം ഗുരുതരമായി. അസമില്‍ ഇതുവരെ 47 പേര്‍ മരിച്ചതായാണ് വിവരം. ഏകദേശം 7.21 ലക്ഷം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരാണ് മരിച്ചത്. 11 ജില്ലകള്‍ പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്. പലയിടത്തും റോഡ് – റെയില്‍ ഗതാഗതം താറുമാറായി. ഒന്നര ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. 540ഓളം മൃഗങ്ങളും 500ലധികം പക്ഷികളും ഇല്ലായതായാണ് കണക്കുകള്‍. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

വെളളക്കെട്ടില്‍ ഒഴുകി നടക്കുന്ന കാറുകള്‍, മണ്ണിടിഞ്ഞ് നിലച്ച റെയില്‍ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകള്‍ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വല്‍സാദിലെ ഉമര്‍ഗാമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റര്‍ മഴയാണ്. റെക്കോര്‍ഡ് പെയ്ത്തില്‍ സൂറത്തും നവ്‌സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ – അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്‌കരമായി. ദമന്‍ ഗംഗ, പാര്‍, ഔറംഗ നദികള്‍ കരികവിഞ്ഞതാണ് പ്രളയത്തിടയാക്കിയത്. പാര്‍പ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെളളത്തിലാണ്. 22,000 പേരെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 1200 പേരെ രക്ഷപ്പെടുത്തി. പ്രശ്‌നമേഖലകളില്‍ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേല്‍ അറിയിച്ചു. ഗുജറാത്തിലെ 20 ജില്ലകളില്‍ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയിച്ചു. ഗുജറാത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button