ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. സമരത്തിന് അനുകൂലമായി മകള്‍ വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിനെതിരെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നത്. വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്ക് തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ ‘തുടക്കം’ കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി.
ലോകകപ്പില്‍ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. ‘പിതാവിന്റെ ചെലവില്‍ വിദേശത്തിരുന്ന് കൊണ്ട് ഭാരത സര്‍ക്കാരിനെ മര്യാദ പഠിപ്പിക്കാന്‍ വരരുത്. മകളുടെ സിനിമ നല്ലതായാലും കാണില്ല’ തുടങ്ങിയ അധിക്ഷേപങ്ങളാണ് മോഹന്‍ലാലിനെതിരെ ഉണ്ടാകുന്നത്. ‘എമ്പുരാന്‍ രൂപത്തില്‍ ഒരു ഷോക്ക് നിങ്ങള്‍ അന്നു തന്നു, ഇപ്പോള്‍ മകളും ഇറങ്ങിയിരിക്കുന്നു’ എന്ന് സിനിമാ വിവാദം ഓര്‍മിപ്പിച്ചും അധിക്ഷേപമുണ്ട്. ‘വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍’ എന്ന ആക്രോശവുമുണ്ട്.കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹന്‍ലാല്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ വിസ്മയുടെ പോസ്റ്റിന് താഴെയും വലിയ തോതില്‍ അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്റെയും ടൊവിനോ തോമസിന്റെയും അടക്കം പോസ്റ്റിലും സമാനമായി സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.




