Uncategorized

ഇരിട്ടി നഗരസഭ ശൗചാലയ നവീകരണം: സെപ്റ്റിക് ടാങ്ക് മാലിന്യം കുഴിച്ചുമൂടിയെന്ന ആരോപണം; പ്രതിഷേധവുമായി ബിജെപി

ഇരിട്ടി നഗരസഭയുടെ പഴയ പൊതുശൗചാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ പഴയ സെപ്റ്റിക് ടാങ്കിലെ മാലിന്യം പഴശ്ശി ജലാശയത്തിന് സമീപം കുഴിയെടുത്ത് നിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.
മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം ദുർഗന്ധവും പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഉയർന്നതായി ബിജെപി ആരോപിച്ചു. കൂടാതെ, പഴശ്ശി ജലാശയത്തിലേക്ക് മലിന്യം ഒഴുകിച്ചേരുകയാണെങ്കിൽ ജില്ലയിലെ ആയിരങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാകുമെന്ന ആശങ്കയും പ്രതിഷേധക്കാർ പ്രകടിപ്പിച്ചു.
നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവർത്തിക്കുന്ന നഗരസഭ ഷോപ്പിങ് കോംപ്ലക്സിന്റെ പിൻവശത്താണ് പഴയ സെപ്റ്റിക് ടാങ്ക് സ്ഥിതിചെയ്യുന്നത്. കോടികളുടെ വരുമാനമുള്ള നഗരസഭയ്ക്ക് ആധുനിക പൊതുശൗചാലയം നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, പഴയ ശൗചാലയം അറ്റകുറ്റപ്പണികളിലൂടെ നിലനിർത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും ബിജെപി വിമർശിച്ചു.
ഏകദേശം 15 വർഷമായി അടിഞ്ഞുകൂടിയ സെപ്റ്റിക് ടാങ്കിലെ മാലിന്യം സുരക്ഷിതമായ രീതിയിൽ സംസ്കരിക്കാതെ നിലവിലെ കെട്ടിടത്തിന് സമീപം കുഴിയെടുത്ത് മാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ, കുഴിച്ചെടുത്ത മാലിന്യം വാഹനത്തിൽ കയറ്റി ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റുകയാണെന്ന് കരാറുകാരൻ വിശദീകരിച്ചു.
സംഭവം അറിഞ്ഞതോടെ നഗരസഭാ കൗൺസിലറും ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡന്റുമായ സി. രജീഷ്, കൗൺസിലർ എം. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലിനജലം പഴശ്ശി ജലസംഭരണിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ ഇത്തരമൊരു നടപടി അനുവദിക്കാനാകില്ലെന്നും, ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണെന്നും സി. രജീഷ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button