നവകേരളയാത്രയിലെ മര്‍ദ്ദനക്കേസ് അട്ടിമറി: എം ആര്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടാന്‍ ഡി ജി പി

തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിലെ സുരക്ഷാഉദ്യോഗസ്ഥരുടെ മര്‍ദനക്കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടാന്‍ ഡിജിപി. എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തത ലഭിച്ച സാഹചര്യത്തിലാണ് നടപടി. അജിത് കുമാറിന് ഡിജിപി ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. രണ്ട് ദിവസത്തിനകം എംആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കണം. വിശദീകരണം ലഭിച്ചാല്‍ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാനാണ് നീക്കം.
അതേസമയം അജിത് കുമാറിന്റെ സ്ഥാനക്കയറ്റം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20നാണ് യോഗം ചേരാനിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുക്കും. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമാകും. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ എസ് ശ്രീജിത്തിനെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.
രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ എസ്‌ഐടി ഇന്നലെ ഡിജിപിക്ക് നല്‍കിയിരുന്നു. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവുകളും കൈമാറിയിരുന്നു. റിപ്പോര്‍ട്ട് ഇനി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും. ഡിജിപിയുടെ ശുപാര്‍ശ ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്.നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഡിജിപി വ്യക്തത തേടിയിരുന്നു. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് ഡിജിപി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ നടപടി. പിന്നാലെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.
മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നുമായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്‌ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്‌ഐടി സമര്‍പ്പിച്ചിരുന്നു.



