Uncategorized

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അവസാനത്തെ മൃതദേഹം കൂടി കണ്ടെത്തി

കൽപ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹം വിക്രം റാണയുടേതാണോ എന്ന്സ്ഥിരീകരിക്കേണ്ടതുണ്ട്. ദുരന്തം നടന്ന് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം ലഭിക്കുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിൻ്റെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.

ജൂലൈ എട്ടിനാണ് വയനാട് കളളാടി തുരങ്കപാത നിർമ്മാണ മേഖലയിൽ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.തുരങ്ക പാത ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ പെട്ടത്. ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടവരെയും സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെയും അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുളള ഏക പാതയിലാണ് അപകടമുണ്ടായത്.മണ്ണിടിച്ചിൽ അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുരങ്ക നിർമ്മാണം സംബന്ധിച്ച തുടർനടപടികൾ സർക്കാർ തീരുമാനിക്കുക. റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിയിൽ ഭൗമശാസ്ത്രവിദഗ്ദനായ ഡോ. സി പി രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്‌ധൻ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കരാറുകാരൻ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ സമിതി പരിശോധിക്കും. ഒരു മാസത്തിനുളളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button