തൂത്തുകുടി തുറമുഖത്തില്‍ എംഎസ്‌സിക്ക് ടെര്‍മിനലുണ്ട്; വീണ്ടും കരാര്‍ ലംഘനമുയര്‍ത്തി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മറ്റൊരു കരാര്‍ ലംഘനം ഉയര്‍ത്തി സിപിഐഎം. നിയമപരമായി എംഎസ്‌സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വാങ്ങാന്‍ കഴിയില്ല. കരാര്‍ അനുസരിച്ച് വിഴിഞ്ഞത്ത് ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനി 250 കിലോമീറ്ററിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ല എന്ന വ്യവസ്ഥയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കരാറിലെ 5(9) വകുപ്പ് പ്രകാരമാണ് 250 കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറമുഖത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിഴിഞ്ഞത്തും പണം നിക്ഷേപിക്കാന്‍ കഴിയില്ല എന്ന വ്യവസ്ഥയുള്ളത്. എന്നാല്‍ വിഴിഞ്ഞത്ത് നിന്ന് 190 കിലോമീറ്റര്‍ ദൂരത്തുള്ള തൂത്തുകുടി തുറമുഖത്തില്‍ എംഎസ്‌സിക്ക് ടെര്‍മിനലുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ അഴകൊഴമ്പന്‍ പ്രസ്താവനകള്‍ നടത്തി കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. അദാനി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ വി ഡി സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്‍വയുമായും എന്‍ഡിഎ നേതാക്കളുമായും മംഗലാപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ബലത്തിലാകാമെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ മുന്നോട്ടു പോയ അദാനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു.അതേസമയം വിഷയത്തില്‍ ഇ പി ജയരാജന്റെയും കെ കെ ശൈലജയുടെയും നിലപാടിനെ തള്ളുന്നതാണ് ലേഖനം. ഓഹരി വില്‍പ്പനയിലൂടെ തുറമുഖക്കൊള്ള തന്നെയാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ല എന്നായിരുന്നു ഇ പി ജയരാജന്റെ നിലപാട്. കേരളത്തിലെ താല്‍പര്യത്തിന് ഹാനികരമായ ഒന്നും വിഴിഞ്ഞത്ത് സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. എല്‍ഡിഎഫ് നിര്‍വഹിക്കുന്നത് ആ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവ്യ എസ് അയ്യരെ തുറമുഖ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയത് അദാനിയെ സഹായിക്കാന്‍ എന്ന് ചില മാധ്യമങ്ങള്‍ പറയുന്നതായും എം വി ഗോവിന്ദന്റെ ലേഖനത്തിനുണ്ട്. സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ അങ്ങോട്ടുമിങ്ങോട്ടും മാറും എന്നായിരുന്നു കെ കെ ശൈലജ പ്രതികരിച്ചിരുന്നത്. ഈ നിലപാടിനെയാണ് സംസ്ഥാന സെക്രട്ടറി തന്നെ തള്ളിയത്. ബിജെപിക്കും അദാനിക്കും വേണ്ടി ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രിയെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എന്താണ് പറായാനുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. കേന്ദ്രത്തില്‍ അദാനിയുടെ താല്‍പര്യ സംരക്ഷകന്‍ മോദിയാണെങ്കില്‍ കേരളത്തില്‍ ആ റോള്‍ നിര്‍വഹിക്കുന്നത് സതീശനാണെന്നും ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്.




