Uncategorized

എലി കൊണ്ടുപോയിട്ടില്ല; തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ തൂവാലയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് തന്നെയാണ് തൂവാല കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

മെയ് 12ന് ഹര്‍ജി പരിഗണിക്കവെ തൊണ്ടിമുതലായ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. സിജെഎം കോടതിയില്‍ സൂക്ഷിച്ച തൂവാലയടങ്ങിയ സീല്‍വെച്ച കവര്‍ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചപ്പോഴാണ് തൂവാല കാണാതായത് മനസിലാകുന്നത്. കവറിന് മുകളില്‍ തൂവാല കാണുന്നില്ലെന്നും എലി കൊണ്ടുപോയി എന്നും എഴുതിവെച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ തൂവാല ആസൂത്രിതമായി എടുത്ത് മാറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം. ഇതിന് പിന്നാലെ തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവാണ് രക്തം പുരണ്ട തൂവാല. ധര്‍മ്മടം-അണ്ടല്ലൂര്‍ ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് നിന്നായിരുന്നു തൂവാല ലഭിച്ചത്. കൊലയുടെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്‍ത്തകരിലേക്ക് എത്തിക്കാനായി ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് രക്തം പുരണ്ട തൂവാലയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. തലശ്ശേരി എംഎല്‍എ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങി എട്ട് പേരാണ് കേസിലെ പ്രതികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button