Uncategorized

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയറില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസില്‍ ഒന്നാം പ്രതി മഞ്ജുള, രണ്ടാം പ്രതി വിജയലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലെ ഡേ കെയറിലായിരുന്നു സംഭവം. ജീവനക്കാര്‍ കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുഞ്ഞുങ്ങളെ വാഷിങ് മെഷീനുള്ളില്‍ ഇട്ടതിന്റെയും ബാത്ത് റൂമില്‍ അടച്ചതിന്റേയും അടക്കം ദൃശ്യങ്ങളാണ് പ്രചരിച്ചത്. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെയായിരുന്നു ക്രൂരത. വീഡിയോയുടെ അടിസ്ഥാനത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.

ഡേ കെയറില്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചായിരുന്നു ഐടി കമ്പനിയിലെ ജീവനക്കാര്‍ ജോലിക്ക് പോയിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഡേ കെയറില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ വാട്സ്ആപ്പില്‍ പ്രചരിച്ചത്. വീഡിയോയില്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതടക്കം വ്യക്തമായിരുന്നു. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ടൊയ്ലറ്റില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ടൊയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്നതുമടക്കം പല ഉപദ്രവങ്ങളും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.കുട്ടികള്‍ കരയുകയോ ശല്യം ചെയ്യുകയോ ചെയ്യുമ്പോഴാണ് ഇത്തരം ഉപദ്രവങ്ങള്‍ക്ക് ഇരയായത്. വീഡിയോയില്‍ കാണുന്ന കുട്ടികളെ മാത്രമാണോ അതോ മറ്റ് കുട്ടികള്‍ക്കും സമാനമായ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button