Uncategorized

കൊച്ചിയിൽ വെച്ച് 63-കാരൻ്റെ നഗ്നദൃശ്യങ്ങൾ കണ്ണൂർ സ്വദേശിയായ 69-കാരൻ പകർത്തി; ദൃശ്യം സുഹൃത്തിന് അയച്ചുകൊടുത്തു; കേസെടുത്തു

നീലേശ്വരം: പള്ളിക്കര സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ അലക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. അലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാൾക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് ബാലകൃഷ്ണൻ കുളിക്കുന്ന സമയത്ത് ഇയാൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാത്തതിനെ തുടർന്ന് ഇയാൾ ഈ ദൃശ്യങ്ങൾ ബാലകൃഷ്ണന്റെ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 308(2) (ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കൽ), 351(2) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് സെക്ഷൻ 67 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നീലേശ്വരം സിഐ കെ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരം എസ്ഐ കെ അജിതയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button