സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ചൊവ്വാഴ്‌ച 159 പേർക്ക് സ്ഥിരീകരിച്ചു; ചികിത്സ വൈകിയാൽ അപകടം.

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ചൊവ്വാഴ്‌ച 159 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സതേടി.
മലപ്പുറം ജില്ലയിൽ രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പാലക്കാട്ട് ഒരാൾ ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. 47 പേർക്ക്. കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരിൽ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയിൽ 10 പേർക്കുവീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.22 പേർക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണമുണ്ടായി. കൊല്ലത്ത് മുപ്പത്തിയഞ്ചുകാരന്റെ മരണത്തിലും എലിപ്പനി സംശയിക്കുന്നുണ്ട്. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
15 പേർക്ക് ഷിഗെല്ലയും രണ്ടുപേർക്ക് ചിക്കുൻഗുനിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് ചിക്കുൻഗുനിയ ബാധിതരുള്ളത്. തൃക്കണ്ണാപുരം സ്വദേശിക്കാണ് അമീബിക് മസ്തിഷ്കജ്വരം.




