Uncategorized

ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം: തർക്കം തുടർന്ന് മന്ത്രിയുടെ ഓഫീസും ബോർഡും; കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് സ്ഥലം മാറ്റം കിട്ടിയത് മൂന്ന് തവണ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി. ദേവസ്വം മന്ത്രിയുടെ നിർദേശ പ്രകാരം പുതുക്കിയ ഉത്തരവിലും ദേവസ്വം ബോർഡ് ചട്ടം പാലിച്ചില്ലെന്ന് പരാതിപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വീണ്ടും ദേവസ്വം മന്ത്രിയെ സമീപിച്ചു.മുൻ സർക്കാർ നിയമിച്ച പ്രസിഡൻ്റ് കെ ജയകുമാറും രണ്ട് ഇടത് അംഗങ്ങളുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വെളളിയാഴ്ച ഇറക്കിയ ഉത്തരവിനെതിരെ മന്ത്രി ആഞ്ഞടിച്ചു. ബോർഡിൽ സംഘടനകളുടെ ഹിത പരിശോധന നടക്കാനിരിക്കെ പ്രധാന കസേരകൾ ഉറപ്പിക്കാൻ സിപിഎം-കോൺഗ്രസ് സംഘടനകൾ ആഞ്ഞു പിടിക്കുകയാണ്. ഇതിനായി ചട്ടം ലംഘിച്ച് സ്ഥലം മാറ്റമെന്നാണ് പരാതി. ദേവസ്വം മന്ത്രി നിർദേശിച്ചിട്ടും ബോർഡ് പുതുക്കി ഇറക്കിയതും ഇടതു പട്ടികയെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയ്സ് ഫ്രണ്ടിൻറെ പരാതി.

എതിർപ്പിനെ തുടർന്ന് ശബരിമല സ്വർണകൊള്ളയിൽ എസഐടി ചോദ്യം ചെയ്ത ആളെയും വൈക്കം ദേവസ്വത്തിലെ സാമ്പത്തിക ഇടപാടിൽ ആരോണം നേരിട്ടയാളെയും പ്രധാന സ്ഥാനങ്ങളിൽ നിന്ന് മാറ്റി. പക്ഷേ കോൺഗ്രസ് അനുകൂല സംഘടന ആശിച്ച പോലുള്ള മാറ്റങ്ങൾ ഉണ്ടായില്ല. വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവിൽ കോൺഗ്രസ് അനുകൂല സംഘടന എംപ്ലോയ്സ് ഫ്രണ്ടിൻ്റെ പ്രസിഡൻ്റ് പി ആർ ശ്രീശങ്കറിന് ശബരിമല എഒയായി സ്ഥലം മാറ്റം. ഇന്നലെ ബോർഡ് ആസ്ഥാനത്തെ ജനറൽ അഡ്മിനിസ്ട്രേഷനിലേയ്ക്ക് മാറ്റി. മണിക്കൂറുകൾക്കുള്ളിൽ ശ്രീശങ്കറിന് വീണ്ടും സ്ഥലം മാറ്റം കിട്ടി. ഏറ്റുമാനൂർ എ ഒയാക്കി. ബോർഡ് അറിയാതെയുള്ള ഉത്തരവെന്ന് ഇടത് സംഘടന ആരോപിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമാനൂരിലേക്കുള്ള മാറ്റം. മേജർ ദേവസ്വങ്ങളിലും ദേവസ്വം ആസ്ഥാനത്തുമുളള നിയമനങ്ങളിൽ കോഴയെന്ന ആരോപണവും കോൺഗ്രസ് അനുകൂല സംഘടന ഉയർത്തുന്നു. മലയാലപ്പുഴയും തിരുവല്ലയും ശ്രീകണ്ഠേശ്വരവും ഉൾപ്പെടെ പ്രധാന ദേവസ്വങ്ങളിലെ നിയമനങ്ങളിലാണ് കോഴ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button