കാലുകൾ മുറിച്ചുമാറ്റിയ അർഷാദിനും ഉമ്മയ്ക്കും ചികിത്സാസഹായവുമായി കല്ലട്ര മാഹിൻ ഹാജി എം എൽ എ ; വീട് വെച്ച് നൽകും

ആലപ്പുഴ: ട്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുകാലുകളും മുറിച്ചുമാറ്റിയ കാസര്‍കോട് സ്വദേശി അര്‍ഷാദി(24)നും ഉമ്മ ആയിഷയ്ക്കും കൈത്താങ്ങായി കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ. അര്‍ഷാദിന്റെ ചികിത്സാ ചെലവും മറ്റ് സഹായങ്ങളും എംഎല്‍എയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു. അസുഖം ഭേദമായി അര്‍ഷാദിനെയും ഉമ്മയെയും തിരിച്ച് നാട്ടിലെത്തിക്കാനുള്ള സഹായവും ഏറ്റെടുത്തിട്ടുണ്ട്. അര്‍ഷാദിന് കാസര്‍കോട് വീട് വെച്ച് കൊടുക്കുമെന്നും കല്ലട്ര മാഹിന്‍ ഹാജി വ്യക്തമാക്കി.
നിലവില്‍ അര്‍ഷാദിന്റെ ആരോഗ്യ നില നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. അര്‍ഷാദ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അര്‍ഷാദ്. കാസര്‍കോട് പെരുമ്പാല ലക്ഷംവീട് കോളനിയില്‍ വാടകയ്ക്കാണ് അര്‍ഷാദും ആയിഷയും താമസിക്കുന്നത്. വഴിയോര കച്ചവടം ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. മാരാരിക്കുളം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു അര്‍ഷാദിന് അപകടം സംഭവിക്കുന്നത്. കാസര്‍കോട് നിന്ന് എറണാകുളത്തെ ആശുപത്രിയില്‍ പോകുന്നതിന് ഇറങ്ങിയതായിരുന്നു അര്‍ഷാദ്.
ട്രെയിനില്‍വെച്ച് ഉറങ്ങിപ്പോയതിനാല്‍ എറണാകുളത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ട്രെയിന്‍ മാരാരിക്കുളം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അര്‍ഷാദിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വലത്തേ കാല്‍ തുടയ്ക്ക് താഴെയും ഇടതുകാലിന്റെ മുട്ടിന് താഴേയ്ക്കുമാണ് മുറിച്ചുമാറ്റിയത്. ആയിഷയുടെ ഏക മകനാണ് അര്‍ഷാദ്. ഇവര്‍ക്ക് മറ്റാരും സഹായത്തിനില്ല.
ഇതിലും വലിയൊരു വിഷമം ഇനി വരാനില്ലെന്ന് ആയിഷ പറഞ്ഞു. മകന്റെ കാര്യമോര്‍ത്ത് ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. ട്രെയിനില്‍ നിന്ന് വീണതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളായിട്ട് ആരുമില്ല. ഒന്നിനും കൈയില്‍ പണമില്ല. പട്ടിണി കിടന്നിട്ടും ആരോടും യാചിച്ചിട്ടില്ല. ജീവിതം ജീവിച്ച് തീര്‍ക്കേണ്ടേ എന്നും ആയിഷ വേദനയോടെ പറഞ്ഞു.




