Uncategorized

പാന്റിൽ വന്നിരുന്ന് ‘റാണി’, പുറകെയെത്തി തേനീച്ചക്കൂട്ടം; അരമണിക്കൂറോളം അനങ്ങാതെ നിന്ന് യുവാവ്.

ആയിരക്കണക്കിന് തേനീച്ചകൾ ശരീരത്തിനു ചുറ്റും വട്ടമിട്ടിട്ടും അരമണിക്കൂറോളം അനങ്ങാതെ നിന്ന് യുവാവ്. എക്സ് പോസ്‌റ്റിലൂടെയാണ് യുവാവിന്റെ അപൂർവ രക്ഷപ്പെടൽ പുറംലോകമറിഞ്ഞത്. വേരെൽ എന്ന യുവാവാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

യുവാവ് പതിവുപോലെ ജോലി ചെയ്യുന്ന ഗാരേജിലേക്ക് നടന്നു പോകുന്നതിനിടെ വസ്ത്രത്തിലേക്ക് ഒരു റാണിത്തേനീച്ച പറന്നിറങ്ങി. ഇതാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ നിമിഷങ്ങൾക്കകം ആയിരക്കണക്കിന് തേനീച്ചകൾ അവിടെ തടിച്ചുകൂടാൻ തുടങ്ങി. യുവാവിന്റെ പാന്റിന്റെ പിൻഭാഗത്തായി വലിയൊരുതേനീച്ചക്കൂട് രൂപപ്പെടുന്ന തരത്തിൽ തേനീച്ചകൾ വട്ടമിട്ട് പറന്ന് വന്നിരുന്നു.ചെറിയൊരു ചലനം പോലും തേനീച്ചകളെ പ്രകോപിപ്പിക്കുമെന്നും അവ കൂട്ടത്തോടെ ആക്രമിക്കുമെന്നും മനസിലാക്കിയ യുവാവ്, ഭയവും കടുത്ത അസ്വസ്‌ഥതയും അവഗണിച്ച് പൂർണ്ണമായും നിശ്ചലനായി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ശ്വാസമടക്കി 30 മിനിറ്റിലധികമാണ് യുവാവ് ഒരേ നിൽപ്പ് നിന്നത്. ഒടുവിൽ, ഏറെ തന്ത്രപൂർവ്വം റാണിത്തേനീച്ചയെ ഒരു പാത്രത്തിലേക്ക് ആകർഷിച്ച് മാറ്റിയതോടെയാണ് വലിയൊരു ദുരന്തം ഒഴിവായത്. റാണി മാറിയതോടെ ബാക്കി തേനീച്ചകളും അവിടെനിന്ന് പറന്നുപോയി. ശരീരത്തിൽ ആയിരക്കണക്കിന് തേനീച്ചകൾ വട്ടമിട്ടിട്ടും അരമണിക്കൂറോളം ഒരൊറ്റ നിൽപ്പ് നിന്നതുകൊണ്ടാണ് ഒരു കുത്ത് പോലും ഏൽക്കാതെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.വലിയ അപകടത്തിന് കാരണമാകുമായിരുന്ന ഈ സാഹചര്യത്തിൽ യുവാവ് കാണിച്ച അസാധാരണമായ മനക്കരുത്തിനെ പ്രശംസിച്ച് നിരവധിപ്പേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തുന്നത്. ഇത്തരമൊരു അവസ്ഥയിൽ 30 മിനിറ്റ് ഒട്ടും അനങ്ങാതെ നിൽക്കാൻ പ്രത്യേക നിയന്ത്രണശക്തി തന്നെ വേണമെന്നാണ് ആളുകളുടെ അഭിപ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button